സങ്കര ഇന്ധന സാങ്കേതിക വിദ്യയുമായി ഹോണ്ട കാര്‍സ് ഇന്ത്യ

വാഹനങ്ങളില്‍ സങ്കര ഇന്ധന സാങ്കേതിക വിദ്യ പരീക്ഷിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. വൈദ്യുത പവര്‍ ട്രെയ്ന്‍ അവതരിപ്പിക്കുന്നതിനു മുമ്പായി സങ്കര ഇന്ധന മോഡലുകള്‍ കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഹോണ്ട. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഹോണ്ടയുടെ ഈ നീക്കം.

ബാറ്ററി ചാര്‍ജിങ് സൗകര്യത്തില്‍ കുതിച്ചുചാട്ടം കൈവരിക്കുംവരെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള വിപണന സാധ്യത പരിമിതമായി തുടരുമെന്നാണു ഹോണ്ടയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സങ്കര ഇന്ധന സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയില്‍ പ്രസക്തിയുണ്ടെന്നും കമ്പനി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ മൂന്നാം തലമുറയെ ഹൈബ്രിഡ് പവര്‍ട്രെയ്‌നോടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട തയാറെടുക്കുന്നത്. ഇതോടെ ഇന്ത്യയില്‍ സങ്കര ഇന്ധന പവര്‍ട്രെയ്ന്‍ സഹിതമെത്തുന്ന ആദ്യ ഹോണ്ട മോഡലുമാവും ‘2020 ജാസ് ഹൈബ്രിഡ്’.

ഇന്ത്യന്‍ വിപണിക്കായി പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയ്‌നാവും ഹോണ്ട പരിഗണിക്കുക. ‘2020 ജാസി’നു പിന്നാലെ സി വിഭാഗം സെഡാനായ ‘സിറ്റി’യുടെ അഞ്ചാം തലമുറ മോഡലിലും ഹോണ്ട ഇതേ സാങ്കേതികവിദ്യ പരീക്ഷിക്കും. അടുത്ത വര്‍ഷം ‘സിറ്റി’യുടെ അഞ്ചാം തലമുറ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന.

Top