Honda BR-v booking10, 000, less 2 month

കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം(എസ് യു വി) വിപണി പിടിക്കാന്‍ പുറത്തിറക്കിയ ‘ബി ആര്‍ വി’ക്കുള്ള ബുക്കിങ്ങുകള്‍ 10,000 പിന്നിട്ടതായി ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) അറിയിച്ചു.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വിപണിയിലുള്ള ‘ബി ആര്‍ വി’ 2016 മേയ് അഞ്ചിനാണ് വിപണിയിലേക്ക് ചുവടു വച്ചത്.

തുടര്‍ന്നുള്ള പരിമിതമായ ആഴ്ചകള്‍ക്കിടയിലാണ് 10,000 ബുക്കിങ്ങുകള്‍ ‘ബി ആര്‍ വി’ സ്വന്തമാക്കിയതെന്ന് ഹോണ്ട കാഴ്‌സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ യൂനൊ പറഞ്ഞു.

‘ബി ആര്‍ വിയുടെ കുടുതല്‍ ഉപഭോക്താക്കളും യുവാക്കളും മധ്യവയസ്‌കരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ബി ആര്‍ വി’യുടെ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുമെന്നും യൂനൊ പ്രതീക്ഷ പ്രകടിപ്പിച്ചു.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുള്ള മോഡലുകള്‍ക്കുള്ള ആവശ്യം ഏറെക്കുറെ തുല്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കിലോമീറ്റര്‍ പരിധിയില്ലാതെ മൂന്നു വര്‍ഷം നീളുന്ന വാറന്റി വാഗ്ദാനം ചെയ്തതോടെയണ് ‘ബി ആര്‍ വി’ക്കുള്ള സ്വീകാര്യത വര്‍ധിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഹാച്ച്ബാക്കായ ‘ബ്രിയൊ’, എന്‍ട്രി ലവല്‍ സെഡാനായ ‘അമെയ്‌സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ എന്നിവയുമായി പ്ലാറ്റ്‌ഫോം പങ്കിടുന്ന ‘ബി ആര്‍ വി’ക്ക് ഡല്‍ഹി ഷോറൂമിലെ വില 8.75 ലക്ഷം മുതല്‍ 12.90 ലക്ഷം വരെയാണ്. 1.5 ലീറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളാണ് ഈ എസ് യു വിക്കു കരുത്തേകുന്നത്.

കഴിഞ്ഞ വര്‍ഷം ഗയ്കിന്‍ഡൊ ഇന്തൊനീഷ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോയിലായിരുന്നു ‘ബി ആര്‍ വി’യുടെ രാജ്യാന്തരതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയില്‍ ആദ്യമായി ഹോണ്ട ‘ബി ആര്‍ വി’ പ്രദര്‍ശനത്തിനെത്തിയത്.

Top