നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ ഇന്ത്യന്‍ വിപണിയില്‍

സ്ത്രീകളെ ലക്ഷ്യമിട്ട് നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 50,010 രൂപയാണ് വിപണിയില്‍ വില വരുന്നത്. പുതിയ 2018 ഹോണ്ട ആക്ടിവ-ഐയില്‍ അഞ്ചു നിറങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക് നിറങ്ങള്‍ മോഡലില്‍ തെരഞ്ഞെടുക്കാം.

സാധാരണ ആക്ടിവയെ അപേക്ഷിച്ചു മെലിഞ്ഞ ആകാരമാണ് ആക്ടിവ-ഐയ്ക്ക് നല്‍കിയിരിക്കുന്നത്. മോഡലിന് ഭാരവും കുറവാണ്. പുതിയ ഇരട്ടനിറ ശൈലികളും ബോഡി ഗ്രാഫിക്സും സ്‌കൂട്ടറിന് പുതുമ നല്‍കും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനവും പുതിയ ആക്ടിവ-ഐയുടെ പ്രധാന വിശേഷണമാണ്. ബോഡി നിറമുള്ള മിററുകള്‍, ഡയനാമിക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 18 ലിറ്റര്‍ സ്റ്റോറേജ്, മൊബൈല്‍ ചാര്‍ജ്ജിംഗ് എന്നിവ ആക്ടിവ-ഐയുടെ മറ്റു പ്രത്യേകതകളാണ്.

അതേസമയം 109.19 സിസി നാലു സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും തുടരുന്നത്. എഞ്ചിന്‍ 8 bhp കരുത്തും 8.94 Nm torque ഉം പരമാവധി സൃഷ്ടിക്കും. 10 ഇഞ്ച് ട്യൂബ്ലെസ് ടയറുകളാണ് ആക്ടിവ-ഐയിലുള്ളത്. 130 mm ഡ്രം ബ്രേക്കുകള്‍ മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന്റെ പിന്തുണ സ്‌കൂട്ടറിനുണ്ട്.

Top