ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ചരിത്രമെഴുതി ആക്ടീവ;വില്‍പ്പന 1.5കോടി യൂണിറ്റ്

ന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ പുതു ചരിത്രം സൃഷ്ടിച്ച് ഹോണ്ട ആക്ടീവ . ആക്ടീവ 1.5 കോടി യൂണിറ്റു വില്‍പ്പന നടത്തി വാഹന വിപണിയില്‍ കുതിക്കുകയാണ്.

2001ല്‍ വിപണിയിലെത്തിയ ആക്ടിവയുടെ 55,000 യൂണിറ്റുകളാണ് ആദ്യ വര്‍ഷം വിറ്റഴിച്ചത്. പിന്നീട് വില്‍പ്പനയില്‍ ക്രമാനുഗതായി ഉയര്‍ച്ച ഉണ്ടാവുകയായിരുന്നു. 2010 – 2011 സാമ്പത്തിക വര്‍ഷത്തില്‍ ആക്ടിവയുടെ 10 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27.59 ലക്ഷം ആക്ടിവ സ്‌കൂട്ടറുകളാണ് ഹോണ്ട വിറ്റഴിച്ചത്. ബി.എസ്4 നിലവാരം പാലിക്കുന്ന ആക്ടിവയുടെ നാലാം തലമുറ സ്‌കൂട്ടറുകളും കമ്പനി പുറത്തിറക്കിയിരുന്നു.

ഗുജറാത്തിലെ വിത്തല്‍പൂരില്‍ സ്‌കൂട്ടര്‍ നിര്‍മാണത്തിനു മാത്രമായി ഹോണ്ട സ്ഥാപിച്ച പുതിയ ശാലയില്‍ നിന്നാണു കമ്പനി പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ മിനൊരു കാറ്റോ 1,50,00,000 -ാംമത് ‘ആക്ടീവ’ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഈ ശാലയുടെ വാര്‍ഷിക ഉല്‍പാദനശേഷി പ്രതിവര്‍ഷം 12 ലക്ഷം സ്‌കൂട്ടറുകളാണ്.

തായ്‌ലന്റ് ഇന്തോനേഷ്യ പോലുള്ള വികസിത വിപണികളെ പോലെ ഇന്ത്യയിലും സ്‌കൂട്ടറുകളോടു താല്‍പര്യമേറുകയാണെന്നു കാറ്റോ അഭിപ്രായപ്പെട്ടു. ഏഴു വര്‍ഷത്തിനുള്ളില്‍ ഇരുചക്രവാഹന വ്യവസായത്തില്‍ സ്‌കൂട്ടര്‍ വിഭാഗത്തിന്റെ പങ്ക് ഇരട്ടിയോളമായി വളര്‍ന്നു. 2009 – 10ല്‍ സ്‌കൂട്ടറുകളുടെ വിഹിതം 16% ആയിരുന്നത് 2016 – 17ല്‍ 32% ആയി വര്‍ധിച്ചു. വിസ്മൃതിയിലേക്കു നീങ്ങുകയായിരുന്നു സ്‌കൂട്ടര്‍ വിപണിയെ 2001ല്‍ ‘ആക്ടിവ’ ഒറ്റയ്ക്കാണു പുനഃരുജ്ജീവിപ്പിച്ചതെന്നും കാറ്റോ അവകാശപ്പെട്ടു.

Top