ജൂണില്‍ നിരത്തിലിറങ്ങിയത് ഹോണ്ടയുടെ മൂന്ന് ലക്ഷം വാഹനങ്ങള്‍

ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹോണ്ടയുടെ ജൂണ്‍ മാസത്തിലെ വില്‍പ്പന മൂന്ന് ലക്ഷം കടന്നു. മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.
ലോക്ഡൗണിനും മറ്റ് നിയന്ത്രണങ്ങള്‍ക്കും ഇളവ് നല്‍കി സാമ്പത്തികരംഗം വീണ്ടും കരുത്താര്‍ജിച്ചതോടെയാണ് വില്‍പ്പനയും കുതിച്ചത്.

ജൂണില്‍ ഹോണ്ടയില്‍നിന്ന് പുറത്തിറങ്ങിയത് 2,10,879 വാഹനങ്ങളാണ്. വിതരണത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് നാല് ഇരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്. 54,820 യൂണിറ്റായിരുന്നു മെയ് മാസത്തെ വിതരണം.

ജൂണ്‍ ആദ്യവാരത്തില്‍ തന്നെ ഹോണ്ടയുടെ 95 ശതമാനം ഷോറൂമുകളും സര്‍വീസ് സെന്റുകളും പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോണ്ടയുടെ ഷോറൂമുകളുടെ പ്രവര്‍ത്തനമെന്ന് ഹോണ്ടയുടെ പ്രതിനിധികള്‍ അറിയിച്ചു.

ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റ് കണക്കിലെടുത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഹോണ്ടയുടെ നാല് ബിഎസ്-6 എന്‍ജിന്‍ ഇരുചക്ര വാഹനങ്ങളാണ് പുറത്തിറങ്ങിയത്. സിഡി ഡ്രീം, ഹോണ്ട ഗ്രാസിയ, ആഫ്രിക്ക ട്വിന്‍, ലിവോ എന്നിവയാണ് ഈ മോഡലുകള്‍. ഇതോടെ ഹോണ്ടയുടെ ഇരുചക്ര വാഹനശ്രേണിയില്‍ ഒമ്പത് ബിഎസ്-6 മോഡലുകളാണുള്ളത്.

Top