‘ഹോണടിച്ചു’: ബാംഗ്ലൂരില്‍ മലയാളി കാര്‍ യാത്രക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഹോണടിച്ചെന്ന് ആരോപിച്ചു ബൈക്കിലെത്തിയ സംഘം മലയാളി കാര്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രവീന്ദ്ര, ഗണേഷ്‌കുമാര്‍, കേശവ് എന്നിവരെയാണു വര്‍ത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വൈറ്റ്ഫീല്‍ഡ് – സര്‍ജാപുര റോഡിലെ വര്‍ത്തൂരില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. ഐടി ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി അശോകും രണ്ടു സുഹൃത്തുക്കളുമാണു കാറിലുണ്ടായിരുന്നത്. ഓഫിസില്‍നിന്നു സര്‍ജാപുരയിലെ താമസസ്ഥലത്തേയ്ക്കു വരികയായിരുന്നു ഇവര്‍. ഇടറോഡിലൂടെ ബൈക്കിലും സ്‌കൂട്ടറിലുമായി എത്തിയ 4 പേര്‍ കാറിനു മുന്നില്‍ തടസ്സം സൃഷ്ടിച്ചാണ് ഓടിച്ചിരുന്നത്. ഹോണടിച്ചെങ്കിലും ഇവര്‍ മാറിയില്ല.

ഇതിനിടെ നടുറോഡില്‍ ബൈക്കു നിര്‍ത്തി കാര്‍ യാത്രക്കാരെ ആക്രമിക്കാനെത്തി. കാര്‍ പിറകിലോട്ട് എടുത്ത് എതിര്‍ദിശയിലെ റോഡിലൂടെ പോയെങ്കിലും ബൈക്കുകാര്‍ പിന്തുടര്‍ന്നു. സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കു കാര്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞ് അശോക് ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുകയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു.

തടയാന്‍ ശ്രമിച്ച അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ചു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.ഗിരീഷ് കേസെടുത്ത് അന്വേഷണമാരംഭിക്കാന്‍ വര്‍ത്തൂര്‍ പൊലീസിനു നിര്‍ദേശം നല്‍കി. രാത്രിയോടെ മൂന്നു പേരെ പിടികൂടി.

Top