സ്വവര്‍ഗരതി ; കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന കാര്യത്തില്‍ കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തങ്ങള്‍ അഭിപ്രായം പറയുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ രതിയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

ഭണഘടനയുടെ 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണെന്നതിനാലാണ് തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടു നല്‍കുന്നത്. അതൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹര്‍ജി കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേള്‍ക്കാന്‍ തുടങ്ങിയത്.

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമം 377ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തില്‍പെട്ടവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Top