പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; വെങ്ങാനൂര്‍ സ്വദേശിയ്ക്ക് 25500 രൂപ പിഴ

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടികൂടി പിഴ ചുമത്തി. വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറില്‍ നിന്നാണ് 25500 രൂപ പിഴ ഈടാക്കിയത്. ചൊവ്വാഴ്ച വെളുപ്പിന് നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്താണ് ഇയാള്‍ മാലിന്യം നിക്ഷേപിച്ചത്.

പരിസ്ഥിതി വാരാചാരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കരിയിലകള്‍ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. വെളളയമ്പലം കവടിയാര്‍ റോഡില്‍ മന്ത്രിമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടിക്ക് സമീപം മാലിന്യം നിക്ഷേപിച്ചതിനാണ് പിഴ ചുമത്തിയത്.

വെളുപ്പിന് 4.30 മണിയോട് കൂടിയാണ് മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടി പിഴ ചുമത്തിയത്. പിഴ തുക നഗരസഭ ട്രഷറിയില്‍ ഒടുക്കി.

Top