ക്വാറന്റൈന്‍ ഉത്തരവില്‍ വീണ്ടും തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികളില്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ കഴിയേണ്ടത്.

യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. കേന്ദ്രത്തില്‍ നിന്നും ആശയ വ്യക്തത വരുത്തിയ ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ എന്നാണ് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്.

ഇന്നലെ രാത്രി പുറത്തിറങ്ങിയ ഉത്തരവില്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ എന്ന് പറഞ്ഞു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ ആണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫലത്തില്‍ വിദേശത്ത് നിന്ന് തിരികെ വരുന്ന എല്ലാവരും ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാറിന്റെ ക്വാറന്റൈനില്‍ കഴിയണം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവരും ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം.

Top