‘പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ല’; അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യമെമ്പാടും സിഎഎയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ”നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തയാറല്ല, സിഎഎ ഒരിക്കലും പിന്‍വലിക്കില്ല,” എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

വിവാദമായ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. അധികാരത്തില്‍ വന്നാല്‍ നിയമം റദ്ദാക്കുമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് അവര്‍ക്കു തന്നെ അറിയാം എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ‘ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ക്ക് വരെ അറിയാം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ഇത് റദ്ദാക്കുക അസാധ്യമാണ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ഇടം ഇല്ലാത്തവിധം ഞങ്ങള്‍ രാജ്യമാകെ നിയമത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും.” അമിത് ഷാ പറഞ്ഞു.

വിവാദ നിയമത്തിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അമിത് ഷാ പരിഹസിച്ചു തള്ളി. ”പ്രതിപക്ഷത്തിന് വേറെ പണിയില്ല, ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചരിത്രമാണ് അവര്‍ക്കുള്ളത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ചരിത്രം വേറെയാണ്. ബിജെപിയോ പ്രധാനമന്ത്രിയോ എന്തെങ്കിലും പറഞ്ഞാല്‍ അത് കല്ലില്‍ കൊത്തിവെച്ചത് പോലെയാണ്. മോദി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടും” അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി പൗരത്വ ഭേദഗതി നിയമം ഉപയോഗിക്കുകയാണെന്ന ആരോപണവും അമിത് ഷാ തള്ളി. ”സര്‍ജിക്കല്‍ സ്ട്രൈക്കുകളിലും വ്യോമാക്രമണങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നുകരുതി ഞങ്ങള്‍ക്ക് തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കഴിയുമോ’ അമിത് ഷാ ചോദിച്ചു.

സിഎഎ എന്തുകൊണ്ട് നടപ്പാക്കുന്നുവെന്നും തീരുമാനത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ലക്ഷ്യം സുതാര്യമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുമുള്ള പ്രതിബദ്ധത പാര്‍ട്ടി 2019 ലെ പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Top