മുബൈ: ചീത്തപറഞ്ഞതിന്റെ പേരില്‍ വീട്ടിലെ പാചകക്കാരന്‍ സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു. ഞായറാഴ്ച മുബൈയിലെ അന്ധേരി സബര്‍ബന്‍ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുത്ത മുബൈ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 25കാരനായ രാജ്കുമാര്‍ സിങ് എന്ന പാചകക്കാരനെതിരെയാണ് പോലീസ് കേസെടുത്തത്. അധ്യാപികയായ ബെത്ത് ഷെബ മോറിസ് സേത്ത് ആണ് പാചകക്കാരന്റെ ആക്രമണത്തിനിരയായത്. ഞായറാഴ്ച ഉച്ചക്കുശേഷം സംഭവം നടന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി അധ്യാപികയുടെ ഫ്ലാറ്റിലെ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു രാജ് കുമാര്‍ സിങ്. പലസമയത്തായി ജോലിക്കുവരുന്നതിനാല്‍ തന്നെ ഇയാള്‍ ഫ്ലാറ്റിന്റെ ഡുപ്ലീക്കേറ്റ് താക്കോല്‍ കരുതിയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ചെറിയൊരു മയക്കത്തിനുശേഷം എഴുന്നേറ്റ സ്ത്രീ കാണുന്നത് രാജ്കുമാര്‍ സിങിനെയാണ്. കിടക്കക്ക് സമീപമുള്ള പ്ലഗ് പോയന്‍റില്‍ കുത്തിയ വൈദ്യുത കേബിളുമായാണ് ഇയാള്‍ നിന്നിരുന്നത്. ഷോക്കടിക്കാതിരിക്കാന്‍ ഇയാല്‍ കൈയില്‍ ഗ്ലൗസും അണിഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കുന്ന കേബിളെടുത്ത് സ്ത്രീയുടെ വലത്തെ കൈയില്‍ പിടിപ്പിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഇപ്പോ എന്തു തോന്നുന്നുവെന്ന് അയാള്‍ ചോദിക്കുകയും ചെയ്തതായി സ്ത്രീ പോലീസിനോട് പറഞ്ഞു. പിന്നീട് തന്നെ പ്രതി പിടിച്ചുവലിക്കുകയും തുടര്‍ന്ന് ബാലന്‍സ് തെറ്റി നിലത്ത് തലയടിച്ച് വീണുവെന്നും സ്ത്രീ പറഞ്ഞു.
ബഹളം കേട്ട് മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ 11കാരനായ മകന്‍ ഓടിയെത്തിയെങ്കിലും അക്രമം ഭയന്ന് മുറിയില്‍തന്നെ ഒളിച്ചിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് പെട്ടെന്ന് അക്രമിക്കുന്നത് നിര്‍ത്തിശേഷം അയാള്‍ തന്നെ മാപ്പുപറയുകയായിരുന്നുവെന്നും വല്ലാത്തൊരു പെരുമാറ്റമാണുണ്ടായതെന്നുമാണ് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. താന്‍ എന്താണ് ചെയ്തതെന്നും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മാപ്പുതരണമെന്നും അയാള്‍ അപേക്ഷിച്ചുവെന്നും ക്ഷമിച്ചുവെന്ന് പറഞ്ഞശേഷം മാത്രമാണ് അയാള്‍ മടങ്ങിപ്പോയതെന്നുമാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. പാചകം ചെയ്യാന്‍ വരുന്നതിനിടെ മുമ്പ് അധ്യാപിക ഇയാളെ ചീത്ത പറഞ്ഞതിനുള്ള പ്രതികാരമായാണ് അക്രമണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുത്ത പോലീസ് രാജ്കുമാറിനെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചു.