കൊവിഡ് പ്രതിരോധത്തിനായി ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ത്രിതല പരിശോധനാ സംവിധാനമൊരുക്കുമന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണം ഇല്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ ഇവരെ കിടത്തുന്നത്. വീട്ടില്‍ കിടത്തിയാല്‍ പ്രശ്‌നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കും. ത്രിതല മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തി. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവര്‍ നിശ്ചിത ദിവസം രോഗികളെ സന്ദര്‍ശിക്കും.

ആരോഗ്യനിലയില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ആശുപത്രിയിലെത്തിക്കും. സിഎഫ്എല്‍ടിസികളില്‍ കഴിയുന്നവര്‍ പലരും വീട്ടില്‍ പൊയ്‌ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുന്നത്. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല.

താത്പര്യമുള്ളവര്‍ സത്യവാങ്മൂലം നല്‍കണം. ഹോം ക്വാറന്റീന്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയില്‍ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രത്തില്‍ കഴിയാം. ബഹുഭൂരിപക്ഷത്തിനും വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top