വിരമിക്കല്‍ സാധ്യതകളേക്കുറിച്ച് സൂചനകൾ നൽകി ഹോളിവുഡ് താരം റസല്‍ ക്രോ

കാള്‍സ്ബാഡ്: വിരമിക്കല്‍ സാധ്യതകളേക്കുറിച്ച് വ്യക്തമാക്കി ഹോളിവുഡ് താരം റസല്‍ ക്രോ. അറുപതാം പിറന്നാളിന് ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഫിലിം ഫെസ്റ്റിവലിനിടെയാണ് വിരമിക്കല്‍ സാധ്യതകളേക്കുറിച്ച് റസല്‍ ക്രോ വിശദമാക്കിയത്. കണ്ണാടിയില്‍ പ്രതിച്ഛായ കാണുമ്പോള്‍ ആരാണ് ഇതെന്ന് തോന്നുന്ന കാലമായി എന്ന് പറയുന്ന സമയത്തിലൂടെയാണ് താന്‍ കടന്നുപോവുന്നത്. റിഡ്ലി സ്കോട്ടിനേപ്പോലെ പുതിയ സാധ്യതകള്‍ കണ്ടെത്തി അഭിനയ രംഗത്ത് തുടരാം. അല്ലാത്ത പക്ഷം ഇനി ഒരിക്കലും നിങ്ങള്‍ എന്നില്‍ നിന്ന് ഒന്നും കേള്‍ക്കില്ല. രണ്ടും വളരെ സാധുതയുള്ള തീരുമാനമാണ്. ഇതില്‍ ഏതിലേക്കാണ് താനെത്തുന്നത് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും റസല്‍ ക്രോ പറയുന്നു.

85കാരനായ റിഡ്ലി സ്കോട്ടിന്റേതായി 20 ചിത്രങ്ങളാണ് വരാനിരിക്കുന്നത്. എന്നാല്‍ എട്ട് ചിത്രങ്ങളില്‍ മാത്രമാണ് റസല്‍ ക്രോ അഭിനയിക്കുന്നത്. റസല്‍ ക്രോയുടെ പ്രധാന ചിത്രങ്ങളിലൊന്നായ ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗമെത്തുന്നതായി വാര്‍ത്തകള്‍ വരുന്നതിനിടെയാണ് റസല്‍ വിരമിക്കല്‍ സാധ്യതകള്‍ പ്രഖ്യാപിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് തനിക്ക് ധാരണയില്ലെന്നും ആ ചിത്രത്തില്‍ താന്‍ മരിച്ച് കഴിഞ്ഞ ആളാണെന്നും റസല്‍ ക്രോ മാധ്യമങ്ങളോട് പ്രതികരിച്ചു. റിഡ്ലി 20 വര്‍ഷത്തിന് ശേഷം ഗ്ലാഡിയേറ്ററിന് രണ്ടാം ഭാഗം കൊണ്ടുവരുന്നുണ്ടെങ്കില്‍ അതിന് ശക്തമായ കാരണമുണ്ടാകുമെന്നാണ് റസല്‍ ക്രോ വിലയിരുത്തുന്നത്.

വെള്ളിയാഴ്ചയാണ് ന്യൂസിലാന്‍ഡ് സ്വദേശിയായ റസല്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഗോള്‍ഡന്‍ ഗ്ലോബ്, അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അഭിനേതാവ് കൂടിയാണ് റസല്‍ ഇറ ക്രോ. 1992ലാണ് ക്രോ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2000ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഗ്ലാഡിയേറ്റർ’ റസലിന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളിലൊന്നായിരുന്നു. ദി പോപ്പ്സ് എക്സോര്‍സിസ്റ്റാണ് റസലിന്റേതായി ഒടുവിലെത്തിയ ചിത്രം.

Top