ഹോളിവുഡ് താരം ഇവാന്‍ എല്ലിങ്‌സണെ മരിച്ചനിലയില്‍

ഹോളിവുഡ് താരം ഇവാന്‍ എല്ലിങ്‌സണെ കാലിഫോര്‍ണിയയിലെ ഫൊണ്ടാനയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച നടനാണ് ഇവാന്‍.

കൗമാരകാലത്തുതന്നെ ഇവാന്‍ അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചിരുന്നു. അക്കാലത്ത് ജനറല്‍ ഹോസ്പിറ്റല്‍, ടൈറ്റസ്, ദാറ്റ് വാസ് ദെന്‍, മാഡ് ടി.വി, ബോണ്‍സ്, 24 തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഇവാന്‍ ജനമനസുകളില്‍ ഇടംനേടി. തുടര്‍ന്നായിരുന്നു ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. 2009-ല്‍ പുറത്തിറങ്ങിയ മൈ സിസ്റ്റേഴ്‌സ് കീപ്പര്‍ എന്ന ചിത്രത്തിലായിരുന്നു തുടക്കം. ഇതില്‍ കാമറൂണ്‍ ഡയസിന്റെ മകന്റെ വേഷമായിരുന്നു ഇവാന്. 2010-ല്‍ പുറത്തിറങ്ങിയ സി.എസ്.ഐ: മിയാമിയിലാണ് അവസാനം അഭിനയിച്ചത്. മൂന്ന് സീസണുകളിലായെത്തിയ സീരീസിലെ കെയ്ല്‍ ഹാര്‍മണ്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇവാന്റെ മരണത്തിന്റെ യഥാര്‍ത്ഥകാരണം ഇതുവരെ അറിവായിട്ടില്ല. മരണത്തിനുമുമ്പ് ശാന്തമായ ഒരു വീട്ടിലായിരുന്നു ഇവാന്‍ താമസിച്ചുവന്നിരുന്നതെന്ന് താരത്തിന്റെ പിതാവായ മൈക്കേല്‍ എല്ലിങ്‌സണ്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവാന് മയക്കുമരുന്ന് ഉപയോഗിച്ചതിനേത്തുടര്‍ന്നുണ്ടായ ആരോഗ്പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതില്‍നിന്ന് മുക്തനായി വരികയായിരുന്നെന്നും പിതാവ് ചൂണ്ടിക്കാട്ടി.

 

Top