ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുകയാണെന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി

വാഷിങ്ടണ്‍ ഡിസി: ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുകയാണെന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ജബലിയയില്‍ നടന്ന വ്യോമാക്രമണത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയില്ലാതെ ഗാസയിലെ ജനം നേരിടുന്ന ഭയാനകമായ സാഹചര്യവും അവര്‍ തുറന്നുകാട്ടി.

അതേസമയം, ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലെ ആക്രമണത്തില്‍ മരണം ഇരുനൂറിനടുത്തായി. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 120 പേരെ കാണാതായതായും വിവരമുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് ക്യാമ്പില്‍ ആക്രമണമുണ്ടായത്.വെടിനിര്‍ത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയില്‍ വെടിനിര്‍ത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കള്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

‘രണ്ട് ദശാബ്ദത്തോളമായി ഒരു തുറന്ന ജയിലായി തുടരുന്ന ഗാസ അതിവേഗം ഒരു കൂട്ടക്കുഴിമാടമായി മാറുകയാണ്. കൊല്ലപ്പെട്ടവരില്‍ 40 ശതമാനവും നിരപരാധികളായ കുട്ടികളാണ്. മുഴുവന്‍ കുടുംബങ്ങളും കൊല്ലപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പലസ്തീനികള്‍ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിര്‍ത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയില്‍ വെടിനിര്‍ത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കള്‍ ഈ കുറ്റകൃത്യത്തിന്റെ പങ്കാളികളാവുകയാണ്’, ആഞ്ജലീന കുറിച്ചു.

 

Top