ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹോളിവുഡ് സംവിധായിക

ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹോളിവുഡ് സംവിധായിക. ‘ദി മാര്‍വല്‍സ്’ സിനിമയുടെ സംവിധായിക നിയ ഡാകോസ്റ്റയാണ് ഷാരൂഖിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രം ‘ദി മാര്‍വല്‍സ്’ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയില്‍ റിലീസിനെത്തുകയാണ്. സിനിമയുടെ പ്രൊമോഷനിടെ ന്യൂസ്18-നോട് പ്രതികരിക്കുകയായിരുന്നു നിയ ഡാകോസ്റ്റ.

മിസ് മാര്‍വലിനായി ഫര്‍ഹാന്‍ അക്തറിനെ കൊണ്ടുവന്നത് പോലെ ഒരു ബോളിവുഡ് താരത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സംവിധായികയുടെ മറുപടി. ‘ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എല്ലാം ഓര്‍ഗാനിക് ആയി വേണമെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ ഞങ്ങള്‍ ഒരിക്കലും ഒരു തരത്തിലുമുള്ള സ്റ്റണ്ട് കാസ്റ്റിംഗും ചെയ്യാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ എല്ലാത്തിനും ഒരു സമയമുണ്ട്,’ സംവിധായിക കൂട്ടിച്ചേര്‍ത്തു.മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രധാന സൂപ്പര്‍ ഹീറോകളുടെ തിരിച്ചുവരവ് സ്ഥിരീകരിക്കുന്നതാണ് ഇന്ന് റിലീസിനെത്തിയ ‘ദി മാര്‍വല്‍സ്’ അവസാന ടീസര്‍. നവംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ബോളിവുഡ് താരങ്ങളില്‍ ആര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഷാരൂഖിനൊപ്പം എന്നായിരുന്നു സംവിധായികയുടെ മറുപടി. ‘ഷാരൂഖ് ഖാന്‍ ഒരു ഇതിഹാസമാണ്, അല്ലേ? ആ അര്‍ത്ഥത്തില്‍ ഞാനിതിനായി രണ്ടാമത് ചിന്തിക്കേണ്ടതില്ല,’ നിയ ഡാകോസ്റ്റ പറഞ്ഞു.

Top