അഞ്ച് ജില്ലകളിൽ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിശ്ചിത സ്കൂളുകൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് ചില ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് അവധി ബാധകമാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ വ്യക്തമാക്കിയിട്ടുണ്ട്.

Top