മങ്കിപോക്സ് മരണം: പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്,നിരീക്ഷണത്തിലുള്ളവർക്ക് രോഗ ലക്ഷണങ്ങളില്ല

തൃശൂർ : തൃശൂരിൽ യു എ ഇയിൽ നിന്നെത്തിയ യുവാവിൻറെ മരണം മങ്കിപോക്സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20 പേർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്.

ഹഫീസിൻറെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സന്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിൻറെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

അതേസമയം മങ്കിപോക്സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തിൽ ആരോഗ്യവകുപ്പിൻറെ ഉന്നതതല അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 22 ന് പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27 നാണ് ചികിത്സ തേടിയത്. മുപ്പതിന് പുലർച്ചെ മരിച്ചതോടെ ശ്രവം ആലപ്പുഴയിലേക്കും പിന്നീട് പൂനെയിലെ വൈറോളജി ലാബിലേക്കും അയക്കുകയായിരുന്നു.

Top