കലൂരില്‍ വൈദ്യുതി മുടങ്ങും; എറണാകുളത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് നാളെ ജില്ലാ കളക്ടര്‍ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധക്യാമ്പുകളിലായി1600 ഓളം പേര്‍ നിലവിലുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.ജില്ലയില്‍ ബന്ധപ്പെട്ടവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. പലയിടങ്ങളിലെയും വെള്ളക്കെട്ട് പമ്പ് ഉപയോഗിച്ച് പുറത്തു കളയാനുള്ള ശ്രമം തുടരുകയാണ്.

പോളിംഗ് എല്ലാ ബൂത്തുകളിലും പ്രശ്‌നങ്ങളില്ലാതെ പുരോഗമിക്കുന്നുണ്ടെന്നുംസാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നുണ്ടെന്നും എസ് സുഹാസ് വ്യക്തമാക്കി.

കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയുമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കലൂര്‍ സബ് സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയിട്ടുണ്ട്. പാലാരിവട്ടം, ഇടപ്പള്ളി, കലൂര്‍ സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങും. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി മാത്രമേ, വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ എന്ന് കെഎസ്ഇബി അറിയിക്കുന്നു.

കലൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് പമ്പുപയോഗിച്ച് വെള്ളം അടിച്ച് പുറത്ത് കളയാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സ് ഇതിനായി പത്ത് പമ്പുകള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Top