നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്

ഭുബനേശ്വര്‍: കലാശപ്പോരിനൊടുവില്‍ ബെല്‍ജിയം ലോകകപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലില്‍ മൂന്നു തവണ ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കിയാണ് ബെല്‍ജിയം കിരീടമണിഞ്ഞത്. ബെല്‍ജിയത്തിന്റെ കന്നി ലോകകിരീടമാണിത്. ഹോക്കി ലോകകപ്പില്‍ കിരീടമുയര്‍ത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെല്‍ജിയം.

മത്സരത്തിന്റെ നാലു ക്വാര്‍ട്ടറുകളിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചപ്പോള്‍ മത്സരം കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിട്ടില്‍ നെതര്‍ലന്‍ഡ്‌സ് 10 പേരായി ചുരുങ്ങിയപ്പോള്‍ അലമാലകള്‍ പോലെ ബെല്‍ജിയം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് ഗോള്‍ പിന്നില്‍ നിന്നാണ് ബെല്‍ജിയം ഒപ്പമെത്തിയത്. ഹോക്കി ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ബെല്‍ജിയത്തിന്റെ കിരീടധാരണം.

സെമിയില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്താണ് ബെല്‍ജിയം ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയയെ തകര്‍കത്താണ് നെതര്‍ലന്‍ഡ്‌സ് ഫൈനലിലെത്തിയത്.

Top