ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് ഗുരുതരാവസ്ഥയില്‍

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മെയ് എട്ടിനാണ് ബല്‍ബിറിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരിയ പുരോഗതി കൈവരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍വെച്ച് ബല്‍ബിറിന് ഹൃദയസ്തംഭനമുണ്ടായി.

ഇന്ത്യക്കായി മൂന്നു ഒളിമ്പിക് സ്വര്‍ണം നേടിയ താരമാണ് 96-കാരനായ ബല്‍ബിര്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂമോണിയയെ തുടര്‍ന്ന് ബല്‍ബിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് 108 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരഞ്ഞെടുത്ത 16 ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഏക താരമാണ് ബല്‍ബിര്‍.

ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് താരം. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ഫൈനലില്‍ അഞ്ചു ഗോളുകളാണ് ബല്‍ബിര്‍ നേടിയത്. അന്ന് ഇന്ത്യ 6-1ന് വിജയിച്ച് സ്വര്‍ണം നേടി.

1948-ല്‍ ലണ്ടന്‍, 1956-ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായിരുന്നു ബല്‍ബിര്‍. 1958 ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും നേടി. ലണ്ടനിലും ഹെല്‍സിങ്കിയും വൈസ് ക്യാപ്റ്റനായിരുന്ന ബല്‍ബിര്‍ മെല്‍ബണില്‍ ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചു. 1975-ല്‍ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനും ബല്‍ബിറായിരുന്നു. 1957-ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Top