ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു.96 വയസ്സായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം.

കടുത്ത ന്യുമോണിയബാധയെ തുടര്‍ന്നാണ് ബല്‍ബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

രാജ്യത്തെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ ബല്‍ബീര്‍ ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത താരമാണ്.1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹെല്‍സിങ്കിയില്‍ ടീമിന്റെ ഉപനായകനും മെല്‍ബണില്‍ നായകനുമായിരുന്നു സിങ്.

ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്.

Top