48 ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവെച്ചു; വീട്ടില്‍ നിന്നും പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു വീട്ടില്‍ നിന്ന് പൂഴ്ത്തിവച്ച 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍ പിടികൂടി. തെക്ക്- പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദശരഥ്പുരിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 32 വലുതും 16 ചെറിയ സിലിണ്ടറുകളും കണ്ടെടുത്തത്. വീടിന്റെ ഉടമയായ അനില്‍ കുമാറിന് ഓക്‌സിജന്‍ നിര്‍മാണ വ്യവസായമാണെന്നാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ വ്യവസായവുമായി ബന്ധപ്പെട്ട ലൈസന്‍സുകളൊന്നും ഇയാളുടെ കൈവശമില്ല.

വലിയ സിലിണ്ടറുകളില്‍ നിന്ന് ചെറുതിലേക്ക് ഓക്‌സിജന്‍ മാറ്റി ഒരോ ചെറിയ സിലിണ്ടറുകളും 12,500 രൂപയ്ക്കാണ് ഇയാള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതെന്നാണ് വിവരം. കണ്ടെടുത്ത ഓക്‌സിജന്‍ സിലിണ്ടറുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി നിര്‍ദേശപ്രകാരം ആവശ്യക്കാര്‍ക്ക് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Top