ബിജെപി-ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭീകരനെ സുരക്ഷാസേന വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍ കൂടിയായ ഒസാമയാണ് കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ റംമ്പാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ സ്വദേശിയായ നായിക് രജീന്ദര്‍ സിംഗാണ് കൊല്ലപ്പെട്ട സൈനികന്‍.ഒസാമയ്ക്ക് പുറമെ ഹാറൂണ്‍, സഹീദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരര്‍.

2018 നവംബര്‍ ഒന്നിന് ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ പരിഹാര്‍, സഹോദരനും ബിജെപി നേതാവുമായ അജിത് പരിഹാര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഒസാമ. ഏപ്രില്‍ ഒന്‍പതിന് ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ്മയെയും സ്വകാര്യ സുരക്ഷാ ഗാര്‍ഡിനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്‌ ഇയാള്‍.

ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. ബടോടില്‍ ഭീകരര്‍ ഒരു വീട്ടില്‍ കയറി ഗൃഹനാഥനെ ബന്ദിയാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.

ഒസാമയെ കശ്മീരിലെ കിഷ്ത്വാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ കേസില്‍ പൊലീസ് തിരയുന്നുണ്ടായിരുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Top