Hizbul terrorist killing ; statement about america

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ പാകിസ്ഥാന്‍ അപലപിച്ചു. പാക് വിദേശ കാര്യമന്ത്രാലയമാണ് കൊലപാതകത്തെ അപലപിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

കടുത്ത മനുഷ്യാവകാശലംഘനമാണ് നടന്നെതെന്ന് ചൂണ്ടിക്കാട്ടിയ പാക്കിസ്ഥാന്‍ സ്വതന്ത്ര ഭരണം വേണമെന്ന കശ്മീരുകാരുടെ ആവശ്യത്തെ അടിച്ചമര്‍ത്താനാണ് സൈന്യം ശ്രമക്കുന്നതെന്ന് ആരോപിച്ചു.

സൈന്യം നടത്തിയ ഓപ്പറേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. വാനിയെ കൂടാതെ മറ്റ് മൂന്ന് ഹിസ്ബുള്‍ ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ വിവിധയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളില്‍ കശ്മീരിലെ മരണസംഖ്യ 16 ആയിട്ടുണ്ട്. 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടാം ദിനവും അക്രമങ്ങളില്‍ ജനജീവിതം ദുസ:ഹമായിരിക്കുകയാണ്. അക്രമങ്ങളെ തുടര്‍ന്ന് കശ്മീരിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കശ്മീരില്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഹിസ്ബുള്‍ അനുഭാവികള്‍ പല സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം നടത്തി.

ആനന്ദ്‌നാഗ്, ഖുല്‍ഗാം, ഷോപിയാന്‍ എന്നിവടങ്ങളിലാണ് പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പരുക്കേറ്റവരില്‍ 90 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോകളില്‍ സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത് ബര്‍ഹാന്‍ ആയിരുന്നു. കഴ്മീരിലെ തെക്കന്‍ മേഖലയിലെ ത്രാലിലെ സമ്പന്ന കുടുംബത്തിലാണ് ബര്‍ഹാന്‍ ജനിച്ചത്.

പതിനഞ്ചാമത്തെ വയസിലായിരുന്നു ഇയാള്‍ ഭീകര സംഘടനയില്‍ അംഗമായത്. ബര്‍ഹാനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ബര്‍ഹാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായതാണ് പൊലീസ് വെടിവെപ്പിലേക്ക് നയിച്ചത്. ഇന്നലെ ബര്‍ഹാന്റെ ശവസംസ്‌കാര ചടങ്ങില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

Top