ഹിസ്ബുള്‍ ഭീകരന്‍ അബ്ദുള്‍ ഖയും നജാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

terrorism

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാര്‍ ആണ് കൊല്ലപ്പെട്ടത്. പോലീസ് പത്തു ലക്ഷം രൂപ തലയ്ക്കു വിലയിട്ട കൊടും ഭീകരനായിരുന്നു നജാര്‍. ബാരാമുള്ളയിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയില്‍ ആക്രമണം നടത്താനുദ്ദേശിച്ചെത്തിയ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ നിയന്ത്രണരേഖയില്‍ സൈന്യം തിരിച്ചോടിച്ചതിനു പിന്നാലെയായിരുന്നു സംഭവം. സൈന്യവും പോലീസും നജാറിനായി വലവിരിച്ചിരിക്കുകയായിരുന്നു. പലതവണ സൈന്യത്തിന്റെ പിടിയില്‍നിന്നും ഇയാള്‍ വഴുതിപ്പോയിട്ടുണ്ട്.

സോപോരയില്‍ മൊബൈല്‍ ടവറുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് നജാര്‍ കുപ്രസിദ്ധി നേടിയത്. നജാറും ഇയാളുടെ അനുയായി ഇംതിയാസ് ഖുണ്ഡുവും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ജമ്മു കശ്മീരിലെ കേരണ്‍ സെക്ടറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ എട്ടംഗ സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവര്‍ക്കു പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നു മോര്‍ട്ടര്‍ ഷെല്ലുകളുടെയും ചെറു ആയുധങ്ങളുടെയും പിന്തുണ ലഭിച്ചിരുന്നതായി സൈനിക വക്താവ് അറിയിച്ചു.

പാക്കിസ്ഥാന്‍ സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ചവരും ഭീകരരും ഉള്‍പ്പെടുന്നതാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം അഥവാ ബാറ്റ്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്ന സൈനികരെ ആക്രമിച്ച് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഇവര്‍ക്കു പ്രത്യേകം പരിശീനലം ലഭിച്ചിട്ടുണ്ട്.

Top