ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടതായി റിപ്പോര്‍ട്ട്

കശ്മീര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടതായി റിപ്പോര്‍ട്ട്. ഹുറിയത്ത് നേതാക്കളുടെ തലവെട്ടണമെന്ന പ്രസ്താവനയ്ക്ക് സ്വന്തം സംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പുറത്തുപോകാന്‍ തീരുമാനിച്ചത്.

നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെയാണ് ഹുറിയത്ത് നേതാക്കളുടെ ശിരച്ഛേദം നടത്തുമെന്ന് പ്രഖ്യാപനം മൂസ നടത്തിയത്. തന്റെ സന്ദേശം വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായും എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മൂസ വ്യക്തമാക്കി.

സംഘടന തന്നെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ താന്‍ അവരെയും പ്രതിനിധീകരിക്കുന്നില്ല. ഇനി സംഘടനയുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ഹുറിയത്ത് കോണ്‍ഫറന്‍സ് തലവന്‍ ഗീലാനിയ്ക്കെതിരെയോ മറ്റേതെങ്കിലും നേതാക്കള്‍ക്കെതിരെയോ അല്ല താന്‍ പ്രസ്താവന നടത്തിയത്. തന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുന്നില്ലെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിലപാടെടുത്തു. ഇസ്ലാമിനെതിരായ നിലപാടെടുക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ പ്രശ്നം രാഷ്ട്രീയ വിഷയമാണെന്നും മതപരമായ പോരാട്ടമല്ലെന്നും ഹുറിയത് നേതാക്കളുടെ നിലപാടെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹുറിയത് നേതാക്കളുടെ തലവെട്ടുമെന്ന് മൂസ പ്രഖ്യാപിച്ചത്.

എന്നാല്‍ മൂസയുടെ പ്രസ്താവനയോട് തങ്ങള്‍ യോജിക്കുന്നില്ലെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വ്യക്തമാക്കി. ഇത്തരമൊരു പ്രസ്താവന തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും അത് മൂസയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സംഘടനാ വക്താവ് സലീം ഹാഷ്മി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് സക്കീര്‍ മൂസ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനായത്.

Top