Hizbul Mujahideen attack in Jammu Kashmir; 3 killed

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗിരീഷ് കുമാര്‍ ശുക്ല, കോണ്‍സ്റ്റബിള്‍ മഹിന്ദര്‍ റാം, ഹവില്‍ദാര്‍ ദിനേശ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ച വൈകുന്നേരം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബി.എസ്.എഫ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചു.

ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സമീപത്തെ ജില്ലാ ആസ്പത്രി മന്ദിരത്തില്‍ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോള്‍ ദേശീയ പാതയില്‍ വാഹനതിരക്ക് ഉണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന പാത സുരക്ഷാ സേന താല്‍ക്കാലികമായി അടച്ചു.

ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്‍മാരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ജവാന്‍മാരെ ശ്രീനഗര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു ശേഷം ഭീകരര്‍ മാരുതി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സൈന്യം തിരച്ചില്‍ തുടരുകയാണ്.

Top