ഹിസ്ബ് ഉള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ഹിസ്ബ് ഉള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകന്‍ സെയ്ദ് ഷക്കീല്‍ അഹമ്മദ് പിടിയില്‍. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.

സലാഹുദ്ദീന്റെ രണ്ടാമത്തെ മകനാണ് ഷക്കീല്‍ അഹമ്മദ്. മറ്റൊരു മകന്‍ സേയിദ് ഷാഹിദ് യൂസുഫ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ഷക്കീലും പണസമാഹരണവുമായി ബന്ധപ്പെട്ട് തന്നെയാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ പറഞ്ഞു. ഷേര്‍ ഐ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ടെക്‌നീഷ്യനാണ് ഇയാള്‍.

മാര്‍ച്ചില്‍ സലാഹുദ്ദീന്റെ കുടുംബത്തിലെ ആറ് പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഹവാല ഇടപാടുകള്‍ തുടങ്ങിയവ സംബന്ധിച്ച അന്വേഷണത്തെ തുടര്‍ന്നായിരുന്നു ഇത്.

Top