സംസ്ഥാനത്തെ എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങള്‍ ഉടന്‍ പൂട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങള്‍ ഉടന്‍ പൂട്ടില്ല. 62 എച്ച്ഐവി പരിശോധനാകേന്ദ്രം പൂട്ടി ജീവനക്കാരെ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ എംപ്ലോയീസ് യൂണിയന്റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് നടപടി.

പരിശോധനാ കേന്ദ്രങ്ങള്‍ പൂട്ടുന്നതോടെ സ്വാഭാവിക രോഗ പരിശോധന നടക്കില്ല. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നത് കോഴിക്കോടാണ്. ഒമ്പത് കേന്ദ്രങ്ങളാണ് ഇവിടെ പൂട്ടനായിരുന്നു തീരുമാനം. അടുത്ത വര്‍ഷം 53 കേന്ദ്രങ്ങള്‍ പൂട്ടാനും തീരുമാനമുണ്ടായിരുന്നു. നിലവില്‍ സംസ്ഥാനത്തേക്ക് പരിശോധന കിറ്റ് അനുവദിക്കുന്നതും വെട്ടിക്കുറച്ചിരിക്കുകയാണ്.2022-23 വര്‍ഷത്തില്‍ 360 യുവജനങ്ങള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എയ്ഡ്സ് രോഗ ബാധിതരായ യുവജനങ്ങള്‍ കൂടുതല്‍ എറണാകുളത്താണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എച്ച്ഐവി പരിശോധനാകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുളള തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുമ്പ് അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മൂലം കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു.

 

Top