എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്ലന്‍ഡ് പോലീസ് പിടികൂടി

ബാങ്കോക്ക്: എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥന്‍ തായ്ലന്‍ഡ് പൊലീസിന്റെ പിടിയില്‍. തായ്ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്നും, 18 വയസ്സിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

13നും 18 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒട്ടേറെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്‌നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. സൈനിക ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നിലവില്‍ ആറ് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. തായ്ലന്‍ഡ് നിയമപ്രകാരം വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

Top