ഹിറ്റ്‌ലറുടെ ജന്മസ്ഥലം, പൊലീസ് സ്‌റ്റേഷന്‍; ഇനി ഫാസിസ്റ്റുകള്‍ ഫോട്ടോ എടുക്കുന്നത് കാണട്ടെ!

ര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജനിച്ചുവീണ ആദ്യ മാസങ്ങള്‍ താമസിച്ച വീട് പ്രാദേശിക പൊലീസ് ആസ്ഥാനമാക്കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍. കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ദേശീയ സോഷ്യലിസത്തിന്റെ സ്മരണയ്ക്കായി കെട്ടിടത്തെ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കാനുള്ള കൃത്യമായ സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് ആസ്ഥാനമാക്കി മാറ്റുന്നത് സംബന്ധിച്ച് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി വോള്‍ഫ്ഗാംഗ് പെസ്‌ചോണ്‍ പറഞ്ഞു.

തീവ്രവാദ വിഭാഗങ്ങള്‍ പട്ടണത്തിലേക്ക് യാത്ര ചെയ്ത് വീടിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നത് പതിവായിരുന്നു. കെട്ടിടത്തിന്റെ മുഖം മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒട്ടാകെ ആര്‍ക്കിടെക്ചറല്‍ മത്സരം നടത്താന്‍ ഒരുങ്ങുകയാണ് ഓസ്ട്രിയ. മത്സരത്തിലെ വിജയിയെ 2020 ആദ്യ പാദത്തില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

hitler-magazine

hitler-magazine

ഓസ്ട്രിയന്‍ സര്‍ക്കാരും, വീടിന്റെ മുന്‍ ഉടമയും തമ്മില്‍ ദീര്‍ഘകാലമായി നിലനിന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ഈ തീരുമാനം. 2017ല്‍ സ്വകാര്യ ഉടമയില്‍ നിന്ന് 897,600 ഡോളര്‍ നല്‍കിയാണ് സര്‍ക്കാര്‍ കെട്ടിടം വിലയ്ക്ക് വാങ്ങിയത്. 50 മില്ല്യണ്‍ ജനങ്ങളെ കൊന്നൊടുക്കിയ ലോകയുദ്ധത്തില്‍ നാസി ജര്‍മ്മനിയെ നയിച്ച ഹിറ്റ്‌ലര്‍ 1889ലാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു നിലയില്‍ പിറന്നത്.

ഏതാനും മാസങ്ങള്‍ ഹിറ്റ്‌ലറുമായി ഇവിടെ താമസിച്ച രക്ഷിതാക്കള്‍ പിന്നീട് ജര്‍മ്മനിയിലെ പസാവുവിലേക്ക് താമസം മാറി. നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വീട് അവര്‍ ഫാസിസ്റ്റ് കേന്ദ്രമാക്കി മാറ്റി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കെട്ടിടം ലൈബ്രറിയാക്കി. പിന്നീട് വൈകല്യമുള്ളവരുടെ കെയര്‍ സെന്ററും, ഒടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളുമായി. ഇതിന് ശേഷം കെട്ടിടം ഇടിച്ചുതകര്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു. ഒടുവിലാണ് പൊലീസ് കേന്ദ്രമാക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

Top