മൈക്കിനാല്‍ ഇടിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി ; ആദിത്യ നാരായണനെ വിമര്‍ശിച്ച് ആരാധകര്‍

മുംബൈ: ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സംഗീത പരിപാടിക്കിടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനെ മൈക്കുകൊണ്ട് ഇടിച്ച് അയാളുടെ ഫോണ്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു ആദിത്യ നാരായണ്‍. മോശം പെരുമാറ്റത്തിനും അപമര്യാദയ്ക്കും ഗായകനെ വിമര്‍ശിക്കുകയാണ് ഈ വീഡിയോ വൈറലായതിന് പിന്നാലെ നെറ്റിസണ്‍സ്.

ഛത്തീസ്ഗഡിലെ ഒരു കോളേജില്‍ ആദിത്യയുടെ സംഗീത പരിപാടി നടത്തുകയായിരുന്നു. പരിപാടി ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്ന ആരാധകന് അടുത്തുകൂടെ റാംപില്‍ നടന്ന ആദിത്യ ആരാധകനെ മൈക്കിനാല്‍ ഇടിച്ച് ഫോണ്‍ പിടിച്ചുവാങ്ങി വേദിയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഇവന്റ് റെക്കോര്‍ഡ് ചെയ്തതിനാണ് ആരാധകനോട് ആദ്യത്യ അസ്വസ്ഥത പ്രകടിപ്പിച്ചത് എന്നാണ് വീഡിയോയ്ക്ക് അടിയില്‍ ചിലര്‍ കമന്റ് ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ ചിത്രമായ ഡോണിലെ ‘ആജ് കി രാത്’ എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്. പാട്ടു പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഇതെല്ലാം ചെയ്തത് എന്ന് വീഡിയോയില്‍ വ്യക്തമാണ്.

എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നെറ്റിസണ്‍സ് ഗായകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ”ആദിത്യ നാരായണന് എന്താണ് കുഴപ്പം ഇത്ര അഹങ്കാരം എന്കിന് സ്വന്തം ആരാധകരോട് അല്‍പ്പം ആദരവ് കാണിച്ചൂടെ”. ‘ഇയാള്‍ ആരാണെന്നാണ് വിചാരം’, ‘ശരിക്കും സ്വന്തം ആരാധകരോട് സ്‌നേഹമില്ലാത്ത ഇയാളൊക്കെ എങ്ങനെ ഗായകനായി’ തുടങ്ങിയ നിരവധി കമന്റുകള്‍ വീഡിയോയില്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആദ്യമായല്ല ആദ്യത്യ നാരായണ്‍ വിവാദത്തില്‍ പെടുന്നത്. നേരത്തെ റായ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരുമായി വാക്കേറ്റമുണ്ടായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2017ല്‍ എയര്‍പോര്‍ട്ട് സ്റ്റാഫുമായുള്ള വാക്കേറ്റ വീഡിയോ വൈറലായിരുന്നു. ‘ഞാന്‍ നിങ്ങളെ പരസ്യമായി അപമാനിക്കും, ആദിത്യ നാരായണണ്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല’ എന്ന് വെല്ലുവിളിക്കുന്ന വീഡിയോയാണ് അന്ന് വൈറലായത്. പ്രശസ്ത ഗായകന്‍ ഉദിത് നാരായണന്റെ മകനാണ് ആദിത്യ നാരായണ്‍.

Top