ചരിത്ര നേട്ടം; ഇന്ത്യയുടെ എസ്.എസ്.എല്‍.വി വിക്ഷേപണം വിജയിച്ചു

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യവിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള എസ്എസ്എൽവി ഇന്ത്യൻ ശാസ്ത്ര ലോകത്തെ മറ്റൊരു പൊൻ തൂവലായി മാറിയിരിക്കുകയാണ്. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.

രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്‌പേസ് കിഡ്സിന്റെ നേതൃത്വത്തില്‍ ഈ ഉപഗ്രഹനിര്‍മാണത്തില്‍ പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉൾപ്പെടുന്നു. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേ‍ഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും. പെണ്‍കുട്ടികളില്‍ ശാസ്ത്ര ഗവേഷണാഭിരുചി വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തെ എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കുന്നത്.

ഉപഗ്രഹങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ വിക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് എസ്എസ്എല്‍വി വികസിപ്പിച്ചിരിക്കുന്നത്. വിക്ഷേപണത്തിനായി ഒരു റോക്കറ്റ് തയ്യാറാകുന്ന ടേണ്‍ എറൗണ്ട് ടൈം എസ്എസ്എല്‍വിക്ക് കുറവാണ്. ഒരു വിക്ഷേപണം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ എസ്എസ്എല്‍വി ലോഞ്ച് പാഡിലേക്ക് മാറ്റാം. എന്നാല്‍ പിഎസ്എല്‍വിക്ക് പുതിയൊരു വിക്ഷേപണത്തിന് തയ്യാറാകാന്‍ രണ്ട് മാസം സമയം വേണം. ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റ‍ർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്‍റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.

പിഎസ്എൽവിയുടെ മോചകൻ എസ്എസ്എൽവി റോക്കറ്റ് വരുന്നതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയിൽ നിന്ന് പി എസ്എൽവി ഒഴിവാകും. ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത്ത് എസ് എസ്എൽവിയുടെ മറ്റൊരു സവിശേഷതയാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹവിപണിയിൽ ശക്തസാന്നിധ്യമാകാൻ ഇത് ഐഎസ് ആർഒയ്ക്ക് കരുത്തു നൽകും.

Top