സെഞ്ചൂറിയനില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി കോഹ്ലിയും സംഘവും

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി വിരാട് കോഹ്ലിയും സംഘവും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 113 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇതോടെ ചരിത്രമുറങ്ങുന്ന സെഞ്ചൂറിയന്‍ ഗ്രൗണ്ടില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ മാറി.

ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സംഘം അഞ്ചാംദിനം ലഞ്ച് കഴിഞ്ഞയുടന്‍ തന്നെ ഇന്ത്യന്‍ പേസ് നിരയുടെ ആക്രമണത്തിനുമുന്നില്‍ കീഴടങ്ങി. അര്‍ധസെഞ്ച്വറിയുമായി നായകന്‍ ഡീന്‍ എല്‍ഗാറിന്റെ(77) പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് കൊയ്ത മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ പ്രതിരോധക്കോട്ട തകര്‍ക്കുകയായിരുന്നു. ഷമിയും ബുംറയും മൂന്നു വിക്കറ്റ് നേടിയപ്പോള്‍ സിറാജിനും രവിചന്ദ്രന്‍ അശ്വിനും രണ്ടുവിക്കറ്റ് വീതം ലഭിച്ചു.

ആദ്യ ഇന്നിങ്സില്‍ 327 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് ഇന്ത്യ ഉയര്‍ത്തിയ സാമാന്യം വലിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം മൂന്ന് മുന്‍നിര ബാറ്റര്‍മാരെയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ഒരു വാലറ്റക്കാരനെയും നഷ്ടപ്പെട്ടു. നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സുമായാണ് അഞ്ചാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. തെംബ ബാവുമയുമായി ചേര്‍ന്ന് നായകന്‍ എല്‍ഗാര്‍ ഉറച്ചപ്രതിരോധമാണ് ആദ്യ സെഷനില്‍ നടത്തിയത്. എന്നാല്‍, എല്‍ഗാര്‍ 77ല്‍ നില്‍ക്കെ താരത്തെ വിക്കറ്റിനുമുന്നില്‍ കുരുക്കി ബുംറ ഇന്ത്യയ്ക്ക് ബ്രേക്ത്രൂ നല്‍കി.

തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡികോക്ക് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ പ്രത്യാക്രമണമൂഡിലായിരുന്നു. എന്നാല്‍, സിറാജിന്റെ മനോഹരമായ പന്ത് ഡികോക്കിന്റെ കുറ്റി പിഴുതു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തിന്റെ ഘോഷയാത്രയായിരുന്നു. വിയാന്‍ മുള്‍ഡര്‍, മാര്‍കോ ജാന്‍സെന്‍, കഗിസോ റബാഡ, ലുംഗി എന്‍ഗിഡി എന്നിവരെല്ലാം കാര്യമായൊന്നും ചെയ്യാനില്ലാത്ത കൂടാരംപൂകി. ബാവുമ 35 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലാണ് കളിയിലെ താരം. ഇന്ത്യയ്ക്ക് വേണ്ടി ഷമി രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റും ബുംറ അഞ്ച് വിക്കറ്റും നേടി. സിറാജിന് മൂന്നും ഷര്‍ദുല്‍ താക്കൂറിനും അശ്വിനും രണ്ടുവിക്കറ്റ് വീതവും ലഭിച്ചു.

Top