‘തന്റെ ഹോളിവുഡ് ചിത്രം ഉടൻ ഉണ്ടാകും’; സംവിധായകൻ ആറ്റ്‌ലി

മൂന്ന് വർഷത്തിനുള്ളിൽ തന്റെ ഹോളിവുഡ് ചിത്രം ഉണ്ടാവുമെന്ന് സംവിധായകൻ അറ്റ്ലീ. ബോളിവുഡിൽ എത്തുന്നതിന് തനിക്ക് എട്ട് വർഷമെടുത്തെന്നും കൂടാതെ ജവാനിലൂടെ തന്റെ വർക്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് അറ്റ്ലീ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘എന്റെ സിനിമയിൽ വരുന്ന അക്രമ സീനുകൾ ആരെയും പ്രകോപിപ്പിക്കാനല്ല, സഹജീവികളോടുള്ള ചില പ്രവർത്തനങ്ങൾ മനുഷ്യത്വപരമാണോ മനുഷ്യത്വരഹിതമാണോ എന്ന് പ്രേക്ഷകരെ വീണ്ടും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഒരു സിനിമയിൽ നായ്ക്കളെ വെടിവയ്ക്കുന്ന രംഗം ചിത്രീകരിച്ചാൽ പോലും, അത് അക്രമത്തെ സൂചിപ്പിക്കണമെന്നില്ല, മറിച്ച് അത് മൃഗങ്ങൾക്കെതിരായ അതിക്രമത്തെ ചോദ്യം ചെയ്യുന്നതായിരിക്കും. ഈ ശ്രമങ്ങളെല്ലാം അക്രമമായി കണക്കാക്കുന്നത് ദൗർഭാഗ്യകരമാണ്’, അറ്റ്ലീ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അറ്റ്ലീയുടെ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’. ആഗോള തലത്തിൽ 1000 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 4500 ഓളം തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖിൻറെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമിച്ചത്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിൽ എത്തിയിരുന്നു.

Top