‘ഫെയര്‍ ആന്റ് ലവ്ലി’ ഇനി മുതല്‍ ‘ഗ്ലോ ആന്‍ഡ് ലവ് ലി’

ന്യൂഡല്‍ഹി: സ്‌കിന്‍ ക്രീമായ ഫെയര്‍ ആന്റ് ലവ്ലി ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലവ് ലി എന്ന പേരില്‍ ലഭ്യമാകുമെന്ന് യൂണിലിവര്‍ കമ്പനി.

പുരുഷന്മാര്‍ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേരിലും മാറ്റമുണ്ട്. ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം എന്നാണ് പുതിയ പേര്.

ഉത്പന്നത്തിന്റെ പേരിലുള്ള ഫെയര്‍ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു.തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പേരില്‍ മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചത്.

ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡും ഒഴിവാക്കുമെന്ന് യൂണിലിവര്‍ വ്യക്തമാക്കിയിരുന്നു.

മറ്റൊരു പ്രമുഖ കോസ്‌മെറ്റിക് ബ്രാന്‍ഡായ ഗാര്‍ണിയറിന്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.

ദക്ഷിണേഷ്യയിലാണ് കമ്പനിയുടെ ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് കൂടുതലും ഉപഭോക്താക്കളുള്ളത്. ഇന്ത്യയിലും ഏറെ വില്‍പനയുള്ള ഫെയര്‍ ആന്‍ഡ് ലവ്‌ലിയില്‍ നിന്ന് കമ്പനി നേടുന്ന വാര്‍ഷിക വരുമാനം 4,100 കോടി രൂപയാണെന്നാണ് അനൗദ്യോഗിക വിവരം.

Top