ഞങ്ങളെ സംരക്ഷിക്കൂ, പൗരത്വം നല്‍കൂ; പൗരത്വ നിയമത്തെ അനുകൂലിച്ച് ഹിന്ദു അഭയാര്‍ഥികള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും വന്‍ പ്രതിഷേധം നടക്കുമ്പോള്‍ പുതിയ നിയമത്തെ അനുകൂലിച്ച് പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി. ഡല്‍ഹിയിലാണ് ഇവര്‍ കൂട്ടമായി റാലി സംഘടിപ്പിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമത്തിനെതിരെ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്താനിലെ മതപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പൗരത്വം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ റാലി നടത്തിയത്.

‘പാക്സിതാനില്‍ നിന്നുള്ള പീഡനങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. ഞങ്ങള്‍ കൊള്ളയടിക്കപ്പെട്ടു, രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ചിലര്‍ പറയുന്നു ഞങ്ങള്‍ക്ക് പൗരത്വം നല്‍കരുതെന്ന്. ഞങ്ങള്‍ പിന്നെ എങ്ങോട്ടുപോകും?’, റാലിയില്‍ പങ്കെടുത്തവര്‍ ചോദിച്ചു.

‘ഞങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ല. പാസ്പോര്‍ട്ടും വിസയുമുള്‍പ്പടെ നിയമപരമായാണ് ഞങ്ങള്‍ ഇന്ത്യയിലെത്തിയത്. പക്ഷേ ഞങ്ങളുടെ സാന്നിധ്യം പ്രതിപക്ഷ പാര്‍ട്ടികളെ അലോസരപ്പെടുത്തുകയാണ്. ഞങ്ങളിവിടേക്ക് വന്നുപോയി, വേറെ എങ്ങോട്ടുപോകും? ഞാന്‍ അഭ്യര്‍ഥിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കരുത്. ഞങ്ങള്‍ക്ക് എത്രയും നേരത്തെ പൗരത്വം നല്‍കണം.’- അഭയാര്‍ഥികളില്‍ ഒരാളായ എസ്. താര ചന്ദ് പറയുന്നു.

Top