മുസ്ലീം വിവാഹത്തിന് സുരക്ഷയൊരുക്കി ഹൈന്ദവര്‍; പ്രതിഷേധങ്ങള്‍ക്കിടെ മനസ്സ് നിറച്ച് അയല്‍ക്കാര്‍

പൗരത്വ ബില്ലിന്റെ പേരില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും രണ്ട് തട്ടിലാക്കി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ പേരിലുള്ള പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറുന്നതിനാല്‍ പലയിടത്തും കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ഇത്തരമൊരു കര്‍ഫ്യൂവിന് ഇടെ വിവാഹ ആഘോഷങ്ങള്‍ എങ്ങിനെ നടത്തുമെന്ന് ആശങ്കപ്പെട്ടിരുന്ന കുടുംബത്തിന് സമാധാനവുമായി എത്തിയത് അയല്‍വീടുകളിലെ ഹൈന്ദവരാണ്.

കാന്‍പൂരിലാണ് വിവാഹ ഘോഷയാത്രക്ക് ഹൈന്ദവര്‍ സുരക്ഷയൊരുക്കിയത്. ഡിസംബര്‍ 21ന് നടന്ന പരിപാടിയുമായി മുന്നോട്ട് പോകുന്നത് പ്രശ്‌നമാകുമെന്ന് ചെറുക്കന്റെ വീട്ടുകാര്‍ ഭയപ്പെട്ടു. ഏതാനും മണിക്കൂര്‍ മുന്‍പ് പ്രതിഷേധത്തിനിറങ്ങിയ രണ്ട് പേര്‍ കൊലപ്പെട്ടതോടെ പാരാമിലിറ്ററി വിഭാഗവും, പോലീസും തെരുവില്‍ റോന്ത് ചുറ്റുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതാപ്ഗാര്‍ഹിലെ 25കാരി സീനത്തിന്റെ വിവാഹം മാറ്റിവെയ്ക്കുന്ന കാര്യം മുതിര്‍ന്നവര്‍ ആലോചിച്ചത്.


വരന്‍ ഹസ്‌നായിന്‍ ഫാറൂഖുമായി ഫോണില്‍ സംസാരിച്ച ശേഷം സീനത്തിന്റെ അമ്മാവന്‍ കുടുംബത്തോടൊപ്പം വിഷയം ചര്‍ച്ച ചെയ്തു. ഇതിനിടെയാണ് വിവരം അയല്‍ക്കാരനായ വിമല്‍ ചപാദ്യ അറിയുന്നത്. അദ്ദേഹം മറ്റ് രണ്ട് സുഹൃത്തുക്കളെ കൂട്ടി സീനത്തിന്റെ കുടുംബത്തിന് ഒരു വാക്ക് കൊടുത്തു. കര്‍ഫ്യൂവും അക്രമവും നടക്കുന്ന തെരുവില്‍ വരന്റെ ഘോഷയാത്രയ്ക്ക് സുരക്ഷ തങ്ങള്‍ ഒരുക്കാമെന്നാണ് ഇവര്‍ അറിയിച്ചത്.

70 പേരുടെ വിവാഹ ഘോഷയാത്ര എത്തുമ്പോള്‍ ചപാദ്യയുടെ നേതൃത്വത്തില്‍ 50ഓളം ഹിന്ദുക്കളാണ് വിവാഹ സംഘത്തിന് വലയം ചെയ്ത് സുരക്ഷ ഒരുക്കിയത്. ഒരു കിലോമീറ്റര്‍ ദൂരെയുള്ള വിവാഹ വേദി വരെ ഇവര്‍ ഒപ്പം നിന്നു. സീനത്ത് തന്റെ കണ്‍മുന്നില്‍ വളര്‍ന്നതാണെന്നാണ് ചപാദ്യയുടെ വിഷയത്തിലെ പ്രതികരണം. അവള്‍ വിഷമിക്കുന്നത് കാണാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നതാണ് ഈ സവിശേഷ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കിയത്.

Top