മറ്റു മതക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ സുരേന്ദ്രൻ

തൃശൂർ: കേരളത്തിൽ മറ്റു മതക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല എന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. പക്ഷേ, ക്ഷേത്രങ്ങൾ ഭരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമില്ലാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.

തൃശ്ശൂർ ജില്ലാ കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സുരേന്ദ്രൻ്റെ ആരോപണം.ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ തീരുമാനിക്കാനുള്ള അവകാശം കോടതിക്ക് നൽകിയത് സംസ്ഥാന സർക്കാരാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മറ്റു മതക്കാരുടെ ആരാധനാലയങ്ങൾ ഭരിക്കാനോ ആചാരങ്ങളിൽ ഇടപെടാനോ സർക്കാർ ശ്രമിക്കാത്തത് എന്താണ്?ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണ്? വിധവ പെൻഷൻ കൊടുക്കുന്നതിൽ പോലും മതം നോക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ സംസ്ഥാനത്തും ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

 

Top