ഗുരുവായൂര്‍ ഥാര്‍ ലേലം ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം, ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും. ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയത് എന്നാണ് ആരോപണം. ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയതെന്നാണ് ആരോപണം.

ലേലം വിളിച്ച മഹീന്ദ്ര ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമല്‍ മുഹമ്മദ് ഇതിനിടെ രംഗത്തു വന്നിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ നല്‍കുന്നില്ലെന്നാണ് അമല്‍ മുഹമ്മദ് പറയുന്നത്. അതേസമയം ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദാക്കാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.

15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ ലേലം വിളിച്ചത്. വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

 

Top