‘ഹിന്ദു ഭീകരവാദ’മെന്ന പ്രയോഗം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംഭാവനയെന്ന് ഹരിയാന മന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ‘ഹിന്ദു ഭീകരര്‍’ എന്ന പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന മന്ത്രി അനില്‍ വിജ്.

ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരനാകാന്‍ സാധിക്കില്ല. ‘ഹിന്ദു ഭീകരവാദ’മെന്ന പ്രയോഗം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംഭാവനയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത്, പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ വെറുതെ വിടുകയും സാധാരണക്കാരായ ഇന്ത്യന്‍ പൗരന്‍മാരെ പിടികൂടി അവരെ ഹിന്ദു തീവ്രവാദികളെന്ന് മുദ്രകുത്തുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

‘കോണ്‍ഗ്രസ് നടപടികള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പടച്ചുവിട്ടതാണ്. ഹിന്ദു ഭീകരവാദം എന്നൊരു പ്രയോഗം യുക്തിരഹിതമാണ്. ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ സാധിക്കില്ല. അതിനാല്‍ ഹിന്ദു ഭീകരവാദിയെന്ന പ്രയോഗത്തിന് അര്‍ഥമില്ല. ഇത്തരമൊരു പ്രയോഗം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭവാനയാണ്. മിക്ക ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംങ്ങള്‍ക്ക് പങ്കുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നു’ മന്ത്രി അനില്‍ വിജ് ആരോപിച്ചു.

മന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് രംഗത്തെത്തി. വിജിന്റെ പ്രസ്താവന ശരിയാണെന്നും ‘ഹിന്ദു ഭീകരവാദ’മെന്നല്ല, ‘സംഘി ഭീകരവാദ’മെന്നാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ചിദംബരവും സുഷീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് ‘ഹിന്ദു ഭീകരര്‍’ എന്ന പ്രയോഗം നേരത്തെ ഉപയോഗിച്ച് വിവാദത്തില്‍പ്പെട്ടത്.

Top