‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി പതിപ്പ് ‘സെൽഫി’ ട്രെയിലർ എത്തി

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി പതിപ്പ് ‘സെൽഫി’യുടെ ട്രെയിലർ റിലീസ് ചെയ്തു. മലയാളം പതിപ്പിൽ നിന്നും ചില മാറ്റങ്ങൾ മാത്രമാണ് സെൽഫിയിൽ വരുത്തിയിട്ടുള്ളതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കര കയറിക്കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും ചിത്രമെന്നാണ് ട്രെയിലർ പങ്കുവച്ച് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് സെൽഫിയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും.

സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ഹിന്ദി റീമേക്കിന്റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ഈ വര്‍ഷം ഹിന്ദി സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് സെൽഫി രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.

Top