‘ഹിന്ദി ഔദ്യോഗിക ഭാഷയാക്കണം’; ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

മ്മു കശ്മീരിലെയും ലഡാക്കിലെയും ഔദ്യോഗിക ഭാഷയായി ഹിന്ദി തെരഞ്ഞെടുക്കണമെന്ന പൊതുതാൽപ്പര്യ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് കോടതി. ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതിയാണ് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. പൊതുതാൽപര്യ ഹരജിയിലെ വിഷയം എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയും ജസ്റ്റിസ് വിനോദ് ചാറ്റർജി കൗളും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനും ഹരജിക്കാരനോട് ഹൈക്കോടതി നിർദേശിച്ചു.

“പൊതുതാല്‍പ്പര്യ ഹരജിയിലെ വിഷയം പൂർണമായും എക്സിക്യൂട്ടീവിന്റെ അധികാരത്തില്‍ വരുന്നതാണ്. അതിനാൽ ഹരജിയിലെ ആവശ്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഈ പൊതുതാൽപ്പര്യ ഹരജി തീര്‍പ്പാക്കുന്നു” എന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.

ജഗ്‌ദേവ് സിങ് എന്നയാളാണ് പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 343, 251 പ്രകാരം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ലഡാക്കിലും ഹിന്ദി ഭാഷയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

2019ലെ ജമ്മു കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ആക്റ്റിനു മുന്‍പ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഉറുദു ആയിരുന്നു, റവന്യൂ, പൊലീസ്, നിയമങ്ങൾ, നിയമസഭാ രേഖകള്‍ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളും ഉറുദുവിലോ ഇംഗ്ലീഷിലോ ആണ്.

Top