ഹിന്ദി നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയം തിരുത്തി പ്രതിപക്ഷത്തിന്റെ ആദ്യ വിജയം

ന്യൂഡല്‍ഹി: മികച്ച ഭൂരിപക്ഷത്തില്‍ പ്രധാനമന്ത്രി പദത്തില്‍ രണ്ടാമതെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയം തിരുത്തിച്ച് പ്രതിപക്ഷത്തിന്റെ ആദ്യ വിജയം. സ്‌കൂളില്‍ മൂന്നു ഭാഷാ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ഇതോടെ ഹിന്ദി പഠനം നിര്‍ബന്ധമാക്കി ഹിന്ദി ഇന്ത്യയുടെ ഏക ഭാഷയാക്കാനുള്ള നീക്കമാണ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉയര്‍ന്ന പ്രതിഷേധത്തോടെ കേന്ദ്രം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്‌ക്കാരം എന്ന ആര്‍.എസ്.എസ് ആശയത്തെയാണ് ത്രിഭാഷ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

കേന്ദ്രത്തിന്റെ കരട് നയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവ പഠിക്കണമെന്നായിരുന്നു. ഇത് ഇംഗ്ലീഷും പ്രാദേശിക ഭാഷയും കൂടാതെ കുട്ടികള്‍ക്ക് താല്‍പര്യമുള്ള ഏതെങ്കിലും ഒരു ഭാഷയും കൂടി പഠിക്കണമെന്നാണ് തിരുത്തിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട്ടിലാണ് പ്രതിഷേധം ഉയര്‍ന്നത് . പിന്നീട് കര്‍ണാടകയിലും ആന്ധ്രയിലും ബംഗാളിലും മഹാരാഷ്ട്രയിലും ആഞ്ഞടിച്ചു.
സ്‌കൂളില്‍ ത്രിഭാഷ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്രനയം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയത്. തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല. തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് തേനീച്ചകൂട്ടില്‍ കല്ലെറിയുന്നത് പോലെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും നിര്‍ബന്ധമാക്കുന്നതിനെതിരെ ഡി.എം.കെ പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കനിമൊഴി എം.പിയും പ്രതികരിച്ചു. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താല്‍പര്യമുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള ഭാഷ പടിക്കട്ടെ എന്ന് മക്കള്‍ നീതി മയ്യം നേതാവ് നടന്‍ കമല്‍ഹാസനും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തമാവുകയും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഭരിക്കുന്ന കര്‍ണാടകയിലേക്കും പ്രതിഷേധം വ്യാപിച്ചു.

ആന്ധ്രയിലും മഹാരാഷ്ട്രയിലും ബംഗാളിലും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനു തുടക്കമായതോടെയാണ് ബി.ജെ.പി അപകടം മണത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിലാണ്ട കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഹിന്ദി വിരുദ്ധ സമരം ദക്ഷിണേന്ത്യയില്‍ കരുത്താകുമെന്ന് കണ്ടാണ് വിദ്യാഭ്യാസ നയം തിരുത്താന്‍ ബി.ജെ.പി തയ്യാറായത്. ഒരു ഭാഷയും എവിടെയും അടിച്ചേല്‍പ്പിക്കില്ലെന്നു വ്യക്തമാക്കി മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ തമിഴില്‍ ട്വീറ്റ് ചെയ്തു. അടുത്ത തവണ തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കി 333 സീറ്റുനേടാനുള്ള മിഷന്‍ 333 പദ്ധതി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദി വിരുദ്ധ സമരം ഈ പ്രതീക്ഷികളെ തല്ലിക്കെടുത്തുമെന്ന തിരിച്ചറിവാണ് കരട് വിദ്യാഭ്യാസനയം തിരുത്താന്‍ വഴിയൊരുക്കിയത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായത്. കര്‍ണാടകയില്‍ ബി.ജെ.പിക്ക് 28ല്‍ 25 സീറ്റും നേടാനായി. ഹിന്ദി ഭാഷാ വിരുദ്ധ സമരം ആരംഭിച്ചാല്‍ കര്‍ണാടകയിലും പ്രാദേശിക വികാരം ബി.ജെ.പിക്ക് എതിരാകും.

തെലുങ്കാനയില്‍ 17ല്‍ നാലു സീറ്റു ലഭിച്ചെങ്കിലും കേരളം , തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവ ഇപ്പോഴും ബി.ജെ.പിക്ക് ബാലികേറാമലയായി തുടരുകയാണ്. ത്രിഭാഷ പദ്ധതി നടപ്പാക്കിയാല്‍ പ്രാദേശിക വികാരം ഉയര്‍ത്തി പ്രാദേശിക കക്ഷികള്‍ നേട്ടം കൊയ്യുകയും അത് ബി.ജെ.പി പ്രതീക്ഷകളെ തകര്‍ക്കുകയും ചെയ്യുമെന്ന ആശങ്കയും കേന്ദ്രനേതൃത്വത്തിനുണ്ടായി. ഇതോടെയാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിനു മുമ്പു തന്നെ നയം തിരുത്താന്‍ തയ്യാറായത്.

മോദി പ്രധാനമന്ത്രിയായി ദിവസങ്ങള്‍ക്കകം തന്നെ വിദ്യാഭ്യാസനയം തിരുത്തിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന് പുതിയ ഊര്‍ജ്ജം പകരുന്നതാണ്.

Top