ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ; ഭാഷാ വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി കമല്‍

ചെന്നൈ: ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഹിന്ദി ഡയപ്പറിട്ട ചെറിയ കുഞ്ഞാണെന്നും മറ്റ് ഭാഷകളെ താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി വളരെ ചെറുതാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ. തമിഴ്, തെലുഗു, സംസ്കൃതം എന്നിവയെ അപേക്ഷിച്ച് ഹിന്ദി ചെറിയ ഭാഷയാണ്. പരിഹസിച്ചു കൊണ്ട് പറയുന്നതല്ല, ആ ഭാഷയോടുള്ള എല്ലാ വിധ ബഹുമാനത്തോടും കൂടി പറയുന്നതാണ്. കഴുത്തിന് താഴെ മുറുക്കി പിടിച്ചോ അടിച്ചേല്‍പ്പിച്ചോ ഹിന്ദി ഭാഷ പ്രയോഗിക്കരുത്.’; ചെന്നൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

തമിഴ് നാട്ടിലെ ജനങ്ങളുടെ ഭാഷയാണ് തമിഴ്, ഭാഷയ്ക്ക് വേണ്ടി ഞങ്ങള്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വാതന്ത്രം നേടിയപ്പോള്‍ നാം ചേര്‍ത്തുവെച്ചതാണ് നാനാത്വത്തില്‍ ഏകത്വം. അതിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ എല്ലാ ഭാഷയെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ എല്ലായിപ്പോഴും ഞങ്ങളുടെ മാതൃഭാഷയെന്നത് തമിഴ് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നേരത്തെയും രൂക്ഷമായി കമല്‍ ഹാസന്‍ പ്രതികരിച്ചിരുന്നു. ജെല്ലിക്കെട്ടിനെതിരെ നടന്ന പ്രതിഷേധത്തേക്കാള്‍ വലുതായിരിക്കും ഹിന്ദിക്കെതിരായ പ്രതിഷേധമെന്നായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.

Top