ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ; കനിമൊഴിക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ എന്ന ചോദ്യവുമായി കനിമൊഴിക്ക് പിന്തുണയുമായി സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍.ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്നു മോശം പെരുമാറ്റം നേരിട്ട അനുഭവം തുറന്ന് പറഞ്ഞ കനിമൊഴി എംപിയുടെ ആരോപണത്തിലാണ് പ്രതികരണവുമായി സ്റ്റാലിനെത്തിയത്.

ഹിന്ദി അറിയില്ലെന്നു വിമാനത്താവളത്തിലെ ഓഫിസറോടു കനിമൊഴി പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇന്ത്യക്കാരനാണോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. ഇന്ത്യക്കാരന്‍ ആയിരിക്കുന്നതിന്റെ മാനദണ്ഡം ഹിന്ദി ആണോ? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ബഹുസ്വരതയെ മൂടാന്‍ കുഴിയെടുക്കുന്നവര്‍ അതില്‍ തന്നെയൊടുങ്ങും’ സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു.

ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ നിങ്ങള്‍ ഇന്ത്യക്കാരനാണോ എന്നു ചോദിച്ചതായി കഴിഞ്ഞ ദിവസമാണു കനിമൊഴി ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സിഐഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടു.

Top