ഹിന്ദുസേന ഗോഡ്‌സെ പ്രതിമ സ്ഥാപിച്ചു, അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകര്‍ത്ത് കോണ്‍ഗ്രസ്. ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന എന്ന പേരിലുള്ള സംഘമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്റെ 72ാം വാര്‍ഷികത്തില്‍ പ്രതിമ സ്ഥാപിച്ചത്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തകര്‍ത്തത്.

ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. ഇവിടെ കെട്ടിയിരുന്ന കാവിനാട നീക്കിയ പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്ത് താഴെയിട്ടു. ഗോഡ്‌സെക്ക് പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, തദ്ദേശ ഭരണകൂടം സ്ഥലം അനുവദിച്ചില്ല. തുടര്‍ന്ന് ഹനുമാന്‍ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ‘നാഥുറാം ഗോഡ്‌സെ അമര്‍ രഹെ’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ഇത്.

Top