മസ്ജിദില്‍ കല്യാണമണ്ഡപം ഒരുങ്ങി; ശരത് അഞ്ജുവിന് താലി ചാര്‍ത്തി

കായംകുളം: ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളി അങ്കണത്തില്‍ അങ്ങനെ ശരത് അഞ്ജുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. ഇന്ന് രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചേരാവള്ളി ‘അമൃതാഞ്ജലി’യില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകളള്‍ അഞ്ജുവിന്റെ കഴുത്തില്‍ കാപ്പില്‍ കിഴക്ക് തോട്ടേതെക്കേടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത് വരണമാല്യം ചാര്‍ത്തിയത്.

അശോകന്‍ മരിച്ചതോടെ ജീവിതം പ്രസിഡന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താന്‍ അയല്‍വാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീന്‍ ആലുംമൂട്ടിലിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു.

വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു. പൂര്‍ണമായും ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

2500 പേര്‍ക്കുള്ള ഭക്ഷണമാണ് ജമാഅത്ത് കമ്മിറ്റി ഒരുക്കിയത്. വിവാഹവേദിയില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും പുറത്ത് വിശാലമായ പന്തലും ഒരുക്കിയിരുന്നു.വിവാഹത്തിനു നേരിട്ടു ക്ഷണിച്ചതിനെക്കാള്‍ ആളുകള്‍ നന്മയും സ്‌നേഹവും കേട്ടറിഞ്ഞു വിവാഹത്തിനെത്തിയിരുന്നു.

Top