ഹിൻഡൻബർഗ് റിപ്പോർട്ട്: അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, അഞ്ചംഗ സമിതിയെ നിയോഗിച്ചു

ഡൽഹി: ഹിഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സമിതിയിൽ ഇൻഫോസിസ് മുൻ സി ഇ ഒ നന്ദൻ നിലേകനിയെ കൂടി സുപ്രീം കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. സെബി അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം.

ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും അറിയിച്ചിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെടുത്താനായി മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ നൽകിയ പേരുകൾ സുപ്രീം കോടതി തള്ളിയിരുന്നു. അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹിൻഡൻബർഗ് വിഷയത്തിൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂർ നൽകിയ ഹർജിയും കോടതിയിൽ എത്തിയിരുന്നു.

Top